മലയാള കഥാലോകത്തിലെ നവീനതയുടെ ഏറ്റവും പ്രമുഖനായ വക്താവ്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പോകുന്നു ഒ.വി.വിജയനുള്ള വിശേഷണങ്ങള്‍. ഓട്ടുപുലാക്കല്‍ വേലുകുട്ടി വിജയന്‍ എന്നു മുഴുവന്‍ പേര്. 1930 ജൂലായ് 2ന് പാലക്കാട് വിളയന്‍ ചാത്തനൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1953-ല്‍ ആദ്യത്തെ കഥ      പ്രസിദ്ധീകരിച്ചു. ആദ്യത്തെ നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം 1969-ല്‍. ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാള സാഹിത്യശൈലിക്കു തന്നെ പുതിയ മാനങ്ങള്‍ കൈവന്നു. 1985-ല്‍ ധര്‍മ്മപുരാണം പ്രസിദ്ധീകരിച്ചു. 1987-ല്‍ ഗുരുസാഗരം, 1990-ല്‍ മധുരം ഗായതി, 1992-ല്‍ പ്രവാചകന്‍റെ വഴി, 1997-ല്‍ തലമുറകള്‍.

1970-ല്‍ ഖസാക്കിന്‍റെ ഇതിഹാസത്തിന്നു ഓടക്കുഴല്‍ അവാര്‍ഡു ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം.പി.പോള്‍ അവാര്‍ഡ് കൂടാതെ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്കാരം എന്നീ ബഹുമതികള്‍ വിജയനെ തേടിയെത്തി. 2003-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

പത്രപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായിരുന്ന ഒ.വി.വിജയന്‍ ശങ്കേഴ്സ് വീക്കിലി, പേട്രിയോട്ട്, സ്റ്റേറ്റ്സ്മാന്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെക്കാലം  പാര്‍ക്കിന്‍സണ്‍സ് രോഗബാധയില്‍ കഴിഞ്ഞ മലയാളത്തിന്‍റെ കലാകാരന്‍ 75ാം വയസ്സില്‍ 2005 മാര്‍ച്ചു മാസം 30ന് അന്തരിച്ചു.

കൃതികൾ– അദ്ദേഹത്തിന്റെ കൃതികളെ നോവലുകൾ, കഥകൾ, ലേഖനങ്ങൾ, അനുസ്മരണങ്ങൾ എന്നിങ്ങിനെ നാലായി തിരിക്കാം. എല്ലാ വിഭാഗങ്ങളിലുമായി ഇരുപത്തി നാലോളം കൃതികൾ മലയാള സാഹിത്യ ലോകത്തിന് അദ്ദേഹത്തിന്റെ സംഭാവനയാണ്.

നോവൽ– ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം, പ്രവാചകന്റെ വഴി, മധുരം ഗായതി, തലമുറകൾ.

ചെറുകഥകൾ– ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി, വിജയന്റെ കഥകൾ, അശാന്തി, ബാലബോധിനി, കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ, പൂതപ്രബന്ധവും മറ്റു കഥകളും, കുറേ കഥാബീജങ്ങൾ, ഒ.വി.വിജയന്റെ കഥകൾ, എന്റെ പ്രിയപ്പെട്ട കഥകൾ, അരക്ഷിതാവസ്ഥ.

ലേഖനങ്ങൾ– ഘോഷയാത്രയിൽ തനിയെ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ, സന്ദേഹിയുടെ സംവാദം, വർഗ്ഗസമരം സ്വത്വം, കുറിപ്പുകൾ, എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ, ഹൈന്ദവനും അതിഹൈന്ദവനും, അന്ധനും അകലങ്ങൾ കാണുവനും, ഒ.വി.വിജയന്റെ ലേഖനങ്ങൾ.

അനുസ്മരണം– The Saga of Dharmapuri, Infinity of Grace, The Legends of Khasak (ഫ്രഞ്ചിൽ Les Legendes de Khasak, ജർമ്മനിൽ Die Legenden von Khasak), OV Vijayan Selected Fiction.

പുരസ്‌കാരങ്ങൾ/അംഗീകാരങ്ങൾ– ഓടക്കുഴൽ അവാർഡ് (1970), കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (1990), കേരളസാഹിത്യ അക്കാദമി അവാർഡ് (1990), വയലാർ അവാർഡ് (1991), മുട്ടത്തുവർക്കി അവാർഡ് (1992), സമസ്ത കേരള സാഹിത്യപരിഷത് അവാർഡ് (1999), എം.പി.പോൾ അവാർഡ് (1999), എഴുത്തച്ഛൻ പുരസ്‌കാരം (2001), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2001), പദ്മഭൂഷൺ (2002), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2004), സഞ്ജയൻ പുരസ്‌കാരം (2004).

കാർട്ടൂണുകൾ– ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൗമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. ,മാതൃഭൂമി ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *